03 May, 2021 08:33:07 AM


മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള അന്തരിച്ചുകൊട്ടാരക്കര: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ആരോഗ്യനില ഇന്നലെ വൈകുന്നരത്തോടെ മോശമായി. ഇന്ന് പുലർച്ചെയായിരുന്നു  മരണം. ഭാര്യ :  പരേതയായ ആര്‍ വത്സല.  കെ ബി ഗണേശ്‌കുമാർ എംഎൽഎ,  ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ എന്നിവരാണ് മക്കള്‍. ബിന്ദു ഗണേശ്‌കുമാർ, മോഹൻദാസ്, പി ബാലകൃഷ്ണൻ എന്നിവരാണ് മരുമക്കള്‍. സംസ്ക്കാരം  ഉച്ചയ്ക്ക് വീട്ടുവളപ്പില്‍. 


കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ഡയറക്ടര്‍ ബോർഡ്  അംഗമായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ആര്‍ ബാലകൃഷ്ണപിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത്‌ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു.


കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതൽ  പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നു. യുഡിഎഫിന്റെ രൂപീകരണത്തിലും കേരള കോൺഗ്രസിന്റെ രൂപീകരണത്തിലും നിർണായക പങ്കു വഹിച്ചു.  1964ൽ കേരള കോൺഗ്രസിന്‍റെ സ്ഥാപക ജനറൽ സെക്രട്ടറിയായ അദ്ദേഹം പിന്നീട്‌ എൽഡിഎഫിന്റെ ഭാഗമായി. മുന്നാക്ക വികസന കമീഷൻ ചെയർമാനുമായിരുന്നു. 


1960 ൽ 25–ാം വയസിൽ പത്തനാപുരത്തുനിന്ന്‍ എം എല്‍ എ ആയി. 1965 ൽ കൊട്ടാരക്കരയിൽനിന്നു വീണ്ടും  വിജയിച്ചു. 1967ലും 1970ലും പരാജയപ്പെട്ടു. 1971ൽ മാവേലിക്കരയിൽ നിന്നു ലോക്‌സഭാംഗമായി. 1977 മുതൽ 2001 വരെ തുടർച്ചയായി  കൊട്ടാരക്കരയിൽനിന്ന് ജയിച്ചു. 2006 ൽ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു. 1975 ൽ അച്യുതമേനോൻ മന്ത്രിസഭയില്‍ ഗതാഗത–എക്സൈസ് വകുപ്പു മന്ത്രിയായി. പിന്നീട് ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിലായി മന്ത്രിയായി.  'പഞ്ചാബ് മോഡൽ പ്രസംഗ'ത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.


 1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ആർ ബാലകൃഷ്‌ണ പിള്ള സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. 1978 ൽ കെ ആർ മോഹനൻ സംവിധാനം ചെയ്‌ത അശ്വത്ഥാമാവ് എന്ന ചിത്രത്തിലും 1979ൽ പി ഗോപികുമാർ സംവിധാനം ചെയ്‌ത ഇവളൊരു നാടോടിയിലും അഭിനയിച്ചു. 1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും അഭിനയിച്ചു.  'വെടിക്കെട്ടി'ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി.  സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചില രംഗങ്ങൾ ചിത്രീകരിച്ചത്. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച 'നീലസാരി'യിലും ചെറിയ വേഷത്തിലെത്തി. സി പി പദ്‌മകുമാർ 1981 ൽ സംവിധാനം ചെയ്‌ത അപർണയിലും അഭിനയിച്ചു. 


ആരോഗ്യ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബി ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യാൻ എത്തി. എൽഡിഎഫ്‌ സംസ്ഥാനത്ത്‌ തുടർ വിജയം നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയുള്ള അദ്ദേഹത്തിന്റെ വേർപാട്‌ തികച്ചും വേദനാജനകമായി. തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് പോതുരംഗത്തെത്തിയത്. പിന്നീട് തിരുകൊച്ചി വിദ്യാർഥി ഫെഡറേഷനില്‍ പ്രവർത്തിച്ചു. കോണ്‍ഗ്രസില്‍ കെപിസിസി അംഗമായി. 1964 ൽ മറ്റ് നേതാക്കള്‍ക്കൊപ്പം  കേരള കോൺഗ്രസിന് രൂപം നൽകി.  പിന്നീട്  1977 ൽ   കേരള കോൺഗ്രസ് (ബി) രൂപീകരിച്ചു.Share this News Now:
  • Google+
Like(s): 5.4K